അറഫാ ദിനം ജൂൺ 28ന്, വലിയ പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച

കോഴിക്കോട് : ജൂൺ 29 വ്യാഴാഴ്ച കേരളത്തിൽ മുസ്ലീം വിശ്വാസികള്‍ ബലി പെരുന്നാൾ ആഘോഷിക്കും. അറഫ ദിനം ജൂൺ 28നായിരിയ്ക്കും. ദുൽഹജ്ജ് മാസപ്പിറവി കേരളത്തിൽ എവിടെയും ദൃശ്യമാവാത്തതിനാൽ വലിയ പെരുന്നാൾ ജൂൺ 29നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദലി ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്ലീയാർ, സയ്യിദ് ഇബ്രാഹീമുൽ അൽ ബുഖാരി, തയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.

ഇസ്ലാമിക കലണ്ടറിലെ 12-ാം മാസമായ ദു അല്‍-ഹജ്ജ് മാസത്തിലാണ് ഇസ്ലാമിക ഉത്സവങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്ന ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ദുല്‍ഹിജ്ജ മാസത്തിലെ പത്താം ദിവസമാണ് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്. ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് വലിയ പെരുന്നാള്‍ ആചരിക്കുന്നത്.

വാര്‍ദ്ധക്യകാലത്ത് ജനിച്ച ഏക പുത്രനായ ഇസ്മായിലിനെ ദൈവകല്‍പ്പന അനുസരിച്ച്  ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ഓര്‍മ്മ പുതുക്കലാണ് ഈദുൽ അദ്ഹാ ബക്രീദ് ആഘോഷം. ദൈവത്തിന്‍റെ കല്‍പന അനുസരിച്ച് മകനെ ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ പ്രത്യക്ഷപ്പെടുകയും മകന്‍റെ സ്ഥാനത്ത്‌ ആടിനെ ബലി നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു.ഈ സംഭവത്തിന്‍റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍ അല്ലെങ്കില്‍ ബക്രീദ്.

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28നാണ് ആഘിഷിക്കുന്നത്. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലി പെരുന്നാള്‍ തിയതി പ്രഖ്യാപിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27ന് നടക്കും.