തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ തരംഗങ്ങൾ സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയ പുഞ്ചിരി മുത്തശ്ശി വിട പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല അമ്പിളികോണം സ്വദേശിനിയായിരുന്നു കാരോട് അമ്പിലിക്കോണം അയിര പറമ്പിൻതോട്ടം വീട്ടിൽ പങ്കജാക്ഷി.
98 വയസ്സായിരുന്നു.ചിരിച്ചുകൊണ്ടു മാത്രമേ പങ്കജാക്ഷി ഏതുകാര്യവും പറയുമായിരുന്നുള്ളൂ.ചിരിക്കാൻ മറന്നുപോയ മലയാളിക്ക് ഒരോർമപ്പെടുത്തലായിരുന്നു ആ ചിരി.നിർത്താതെയുള്ള ചിരിയോടെ സംസാരിക്കുന്ന ആ മുത്തശ്ശിയെ കാണുന്നവരുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി പടര്‍ന്നിരുന്നു.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്ക് വളർത്തിയ അമ്മ കൂടിയായ പങ്കജാക്ഷിയുടെ മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്തു.