വിജയി ലോകേഷ് ടീമിന്റെ “ലിയോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ദളപതി വിജയിയുടെ പിറന്നാളായ ഇന്ന് പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ” ലിയോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റലീസ്‌ ചെയ്തു അണിയറ പ്രവർത്തകർ. ലോകേഷ് കനകരാജിനൊപ്പം വിജയ് എത്തുന്ന ലിയോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

കൈയ്യിൽ രക്തം പുരണ്ട ചുറ്റികയോടെ അലറുന്ന വിജയിയുടെ പോസ്റ്ററുമായി ഇന്ന് പുലർച്ചെ 12 മണിയ്ക്കായിരുന്നു ലിയോ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.ഇത്രയും വൈലന്റ് ആയിട്ടുള്ള വിജയിയുടെ ആദ്യത്തെ പോസ്റ്ററാണിതെന്ന് ആരാധകർ പറയുന്നു.ഫസ്റ്റ് ലുക്ക് പുറത്തുവന്ന് നിമിഷ നേരങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഗെയിം ഓഫ് ത്രോൺസിന്റെയും ലിയോയുടേയും പോസ്റ്ററുകൾക്ക് സമാനതയുണ്ടെന്നും ലിയോ പോസ്റ്ററിലെ വിജയിയുടെ ലുക്ക് ഒഴികെ ബാക്കിയെല്ലാം ഗെയിം ഓഫ് ത്രോൺസിന്റേതിന് സമാനമാണെന്നും പ്രേക്ഷകർ പറയുന്നു.

ലിയോ ഫസ്റ്റ് ലുക്ക് ഇതാ. ഹാപ്പി ബർത്ത ‍ഡേ വിജയ് അണ്ണാ. നിങ്ങളുമായി വീണ്ടും കൈകോർത്തതിൽ സന്തോഷം! എന്ന അടിക്കുറിപ്പോടെ ലോകേഷ് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിനു എട്ട് മണിക്കൂറിനുള്ളിൽ ഏകദേശം 45000 റീട്വീറ്റുകൾ ലഭിച്ചു. മാസ്റ്ററിന് ശേഷം വിജയിയു ലോകേഷും ഒന്നിക്കുന്ന ലിയോ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് നിർമ്മിക്കുന്നത്.

അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, സാൻഡി, മിഷ്‌കിൻ, ബാബു ആന്റണി, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ലിയോ ഒക്ടോബറിൽ പ്രേക്ഷകരിലേക്കെത്തും.