കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് അറസ്റ്റിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു പിടിയിലായത്.വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിൽ പോയി അഞ്ച് ദിവസത്തിനു ശേഷമാണ് പിടിയിലാകുന്നത്.
നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. കീഴടങ്ങാൻ നിഖിലിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തതിനു പിന്നാലെ സിപിഎമ്മും ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
നിഖിൽ തോമസ് കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു.നിഖിൽ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു.വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിഖിലിനെതിരെ നടപടിയെടുത്തത്.
സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതു കൊച്ചിയിലാണെന്നും വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചതായും സൂചനയുണ്ട്.