വാഗ്നര്‍ സേനയുടെ മേധാവി പ്രിഗോഷിന്‍ റഷ്യ വിടുന്നു, ബെലാറൂസ് പ്രസിഡന്‍റ് ലൂക്കാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചകൾ ഫലം കണ്ടു

മോസ്കോ: മോസ്കോ ലക്ഷ്യമിട്ടുള്ള വിമത നീക്കത്തിൽ നിന്ന് തങ്ങൾ പിന്മാറുന്നുവെന്ന് വാഗ്നർ ഗ്രൂപ്പ് സംഘത്തലവൻ യെവ്ഗിനി പ്രിഗോഷ്. ബെലാറൂസ് പ്രസിഡന്‍റ് ലൂക്കാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വിമത നീക്കം അവസാനിക്കുന്നത്.രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ തങ്ങൾ പിന്മാറുകയാണെന്ന് വ്യക്തമാക്കി വാഗ്നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിന്റെ സന്ദേശത്തിൽ പറയുന്നു

സായുധകലാപ ശ്രമം നടത്തിയതിന് പ്രിഗോഷിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചു. പ്രിഗോഷിനെതിരെ 20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയിരുന്നു. പുടിനുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി ബെലാറൂസിലേക്ക് പ്രിഗോഷിന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകൾ.വാഗ്നർ സേന പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് ഇവർ പൂര്‍ണ്ണമായും പിന്‍വലിഞ്ഞിട്ടുണ്ട്.പിന്മാറ്റത്തിന് പിന്നാല നഗരം പോലീസ് ഏറ്റെടുത്തു.

വാഗ്നർ ഗ്രൂപ്പിന്‍റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിനെ തുടർന്ന് മോസ്കോയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മോസ്കോ മേയര്‍ നിർദ്ദേശം നൽകി. പ്രസിഡന്‍റിന്‍റെ വിമാനങ്ങളിലൊന്ന് മോസ്കോയിൽ നിന്ന് പറന്നുയർന്നതോടെ പുടിൻ റഷ്യവിട്ടെന്നും അഭ്യൂഹങ്ങളുണ്ടായി.

റഷ്യയിലെ സംഭവവികാസങ്ങൾ പുടിൻ ബെലാറൂസ് പ്രസിഡന്‍റിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്.