ചികിത്സയിലുള്ള പിതാവിനെ കാണാനായി മദനി ഇന്ന് വൈകിട്ട് കൊല്ലത്തെ അൻവാർശേരിയിലെത്തും

ബംഗളൂരു: പി.ഡി.പി ചെയര്‍മാൻ അബ്ദുൾ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തുന്നു. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് മദനി ഇന്ന് വൈകിട്ട് കൊല്ലത്തെ അൻവാർശേരിയിലെത്തുന്നത്. ബംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വിമാനത്തിൽ കൊച്ചിയിലെത്തുന്ന മദനിയ്ക്ക് 12 ദിവസം കേരളത്തിൽ കഴിയാനാണ് അനുമതിയുള്ളത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മദനി നേരെ കൊല്ലത്തെ അൻവാർശേരിയിലെ വീട്ടിലേക്ക് തിരിക്കും. രാത്രിയോടെ അദ്ദേഹം മൈനാഗപ്പള്ളിയിൽ എത്തി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണും. നേരത്തെ മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത വ്യവസ്ഥകൾ കാരണം അദ്ദേഹത്തിന് കേരളത്തിലേക്ക് തിരിക്കാനായില്ല. ഇത്തവണ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാനിടയാക്കിയത്.

ഒപ്പം വരുന്ന 20 പൊലീസുകാരുടെ ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ എന്നിവയ്ക്കായി 60 ലക്ഷം രൂപ അടക്കണമെന്ന കർണാടക പൊലീസിന്റെ പിടിവാശി കാരണമാണ് അന്ന് യാത്ര മുടങ്ങിയത്.ഇപ്പോള്‍ 12 പൊലീസുകാര്‍ മാത്രമായിരിക്കും മദനിക്കൊപ്പം വരികയെന്നാണ് റിപ്പോർട്ട്.