ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഒഴികെ എല്ലാ വിവാഹേതര ലൈംഗികബന്ധവും വ്യഭിചാരമാണ്.ഹൈക്കോടതി

ലഖ്‌നൗ : ഇസ്ലാം മതം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല.വിവാഹത്തിന് മുമ്പ് ചുംബിക്കുക, സ്പർശിക്കുക തുടങ്ങിയ ലൈംഗികമായ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെ ഇസ്ലാമിൽ അനുവദനീയമല്ലെന്നും നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി പോലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിങ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളി. 29കാരിയായ ഹിന്ദു യുവതിയും 30 കാരനായ മുസ്ലീം യുവാവും സമർപ്പിച്ച ഹർജി ആണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളിയത്.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികബന്ധം ഒഴികെയുള്ള എല്ലാ വിവാഹേതര ലൈംഗികബന്ധവും വിവാഹപൂർവ ലൈംഗികതയും വ്യഭിചാരമായാണ് കണക്കാക്കുന്നതെന്നും മുസ്ലീം നിയമത്തിൽ വിവാഹപൂർവ ലൈംഗികതയ്ക്ക് അംഗീകാരം നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.ഇത്തരം വിവാഹത്തിനു മുമ്പുള്ള ലൈംഗികത ഇസ്‌ലാമിൽ അനുവദനീയമല്ല. വാസ്തവത്തിൽ ചുംബനം, സ്പർശനം, നോട്ടം തുടങ്ങിയ ലൈംഗിക, കാമ, സ്നേഹ പ്രകടനങ്ങൾ ഇസ്ലാമിൽ ‘ഹറാം’ ആണ് . കാരണം ഇവ വ്യഭിചാരമായി കണക്കാക്കപ്പെടുന്നു ” എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കുറ്റങ്ങൾക്ക് അവിവാഹിതരായ ആണിനും പെണ്ണിനും നൂറ് ചാട്ടവാറടിയും കല്ലെറിഞ്ഞു കൊല്ലലുമാണ് ഖുർആനിലെ ശിക്ഷ എന്നും കോടതി പറഞ്ഞു.യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് ഇവരെ പീഡിപ്പിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. സംഭവം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനത്തിൽ ഉൾപ്പെട്ടാലും പീഡനം സംശയാസ്പദമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹർജി തള്ളുന്നതായും കോടതി ഉത്തരവിട്ടു.

സ്വകാര്യ കക്ഷികൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുന്നതല്ലെന്നും ഇത്തരം സാമൂഹിക പ്രശ്നങ്ങൾ വേരോടെ പിഴുതെറിയാൻ സാമൂഹിക ഇടപെടൽ വേണമെന്നും കോടതി ആവശ്യപ്പെട്ടു. അലഹബാദ് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് സംഗീത ചന്ദ്രയും ജസ്റ്റിസ് നരേന്ദ്ര കുമാർ ജോഹാരിയും ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.