ഏകീകൃത സിവിൽ കോഡ് ആദ്യം നടപ്പിലാക്കേണ്ടത് ഹിന്ദു മതത്തിൽ,ഡി എം കെ

ചെന്നൈ : ഏകീകൃത സിവിൽ കോഡ് ആദ്യം നടപ്പിലാക്കേണ്ടത് ഹിന്ദു മതത്തിലാണ്,രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ വിമർശിച്ച് തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

“ഏകീകൃത സിവിൽ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി – പട്ടികവർഗക്കാർ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും രാജ്യത്തെ ഏത് ക്ഷേത്രത്തിലും പ്രവേശിക്കാനും പൂജ നടത്താനും അനുവദിക്കണം,” ഇളങ്കോവൻ പറഞ്ഞു. ഭരണഘടന എല്ലാ മതങ്ങൾക്കും സംരക്ഷണം നൽകിയതുകൊണ്ട് മാത്രം ഞങ്ങൾക്ക് UCC വേണ്ട” 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത സിവിൽ കോഡിനെകുറിച്ച് ഭാരതീയ ജനതാ പാർട്ടി കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് ഇളങ്കോവന്‍റെ പരാമർശം.

പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ഒരിക്കലും സംസാരിക്കാറില്ല. സംസ്ഥാനം മുഴുവൻ കത്തുകയാണ്. രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി ആദ്യം ഉത്തരം പറയേണ്ടത്.ഈ പ്രശ്‌നങ്ങളിൽ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനാണ് വീണ്ടും ഏകീകൃത സിവിൽ കോഡുമായി മോദി വരുന്നത് .കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ഉറച്ച സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമം സാധ്യമല്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.