ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

ഉത്തർപ്രദേശ് : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ചിരുന്ന വാഹത്തിനു നേരെ ആക്രമണം നടത്തുകയും ആസാദിന് വയറിൽ വെടിയേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ആസാദിന്റെ വാഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിലെത്തിയ അക്രമികൾ ആസാദിന്റെ കാറിന്റെ വലതു ഭാഗത്തു നിന്നാണ് വെടിവെച്ചതെന്നും അദ്ദേഹത്തിന്റെ അടിവയറ്റിന് വെടിയേറ്റതായും പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് മാധ്യമങ്ങളോട് പറഞ്ഞു.പരിക്ക് സാരമുള്ളതല്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലതൃപ്തികരമാണെന്നും ചികിത്സിച്ച ഡോക്ടർ അറിയിച്ചു.

. ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. സഹരൻപൂർ ഭാഗത്തേക്കാണ് അക്രമികളുടെ വാഹനം പോയത്.സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായ ഓർമയില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെയും ബിജെപി സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും തെളിവാണിതെന്നും ചന്ദ്രശേഖർ ആസാദിന് സുരക്ഷ ഒരുക്കണമെന്നും രാഷ്ട്രീയ ലോക് ദൾ ആവശ്യപ്പെട്ടു.