സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം,പതിനാല് വർഷത്തിനുമുൻപുള്ള കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കോട്ടയം: പതിനാല് വർഷത്തിനുമുൻപ് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ജലസേചനവ കുപ്പിൽ നെടുമങ്ങാട് മൈനർ ഇറിഗേഷൻ സെക്ഷൻ ഓവർസിയറായ എസ് ആർ ഹരീഷ്‌കുമാറിനെയാണ് സർവീസ് ചട്ടമനുസരിച്ച് പിരിച്ചുവിട്ടത്.

പരീക്ഷയ്ക്ക് കൂടുതൽ മാർക്കുകിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപൊകാമെന്ന് വിശ്വസിപ്പിച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി വിവിധസ്ഥലങ്ങളിൽ 45 ദിവസം തടവിൽ‌വെച്ച് പീഡിപ്പിച്ചു. 2009 ഒക്ടോബർ 13ന് പ്രതിയെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ ദിവസം മുതൽ ഹരീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. കേസിന്റെ അന്തിമവിധി വരുന്നതുവരെ  സസ്പെൻഷൻ തുടരാൻ പുനരവലോകനകമ്മിറ്റി തീരുമാനമെടുത്തിരുന്നു.സസ്പെൻഷൻ കാലം അഞ്ചുവർഷവും 11 മാസവും കഴിഞ്ഞപ്പോൾ കമ്മിറ്റി ചേർന്ന് ഹരീഷിനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. 2015 ഒക്ടോബർ 29ലെ ഉത്തരവിനെ തുടർന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷനിൽ ജോലിയിലും പ്രവേശിച്ചു.

. 2019 ഡിസംബർ ഏഴിന് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഹരീഷിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അഞ്ചുവർഷം കഠിനതടവും ഇതിനുപുറമേ അനുഭവിക്കണം.കേസ് വിചാരണയിലായതിനാൽ ഇയാൾക്കെതിരേ അന്ന് അച്ചടക്കനടപടിയൊന്നും വകുപ്പ് സ്വീകരിച്ചിരുന്നില്ല.വിധി വന്നതിനെ തുടർന്നാണ് സർവീസിൽനിന്ന് പുറത്താക്കിയത്.

കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ ഫയൽചെയ്ത അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടി നിർത്തിവെക്കണമെന്ന പ്രതിയുടെ ആവശ്യം സർക്കാർ തള്ളി. 2009ൽ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് ഹരീഷിനെതിരേ കേസെടുത്തത്.