തലസ്ഥാനം കൊച്ചി, ഹൈബി ഈഡനെ പാർട്ടി നേതൃത്വം കൈവിട്ടു. കോൺഗ്രസിന്റെ നിലപാടല്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: തലസ്ഥാന മാറ്റം കോൺഗ്രസിന്റെ നിലപാടല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.തലസ്ഥാനമാറ്റം ആവശ്യപ്പെട്ടുള്ള ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ല് സിപിഎം ആയുധമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം മണത്ത കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

ഹൈബിയെ അതൃപ്‍തി അറിയിച്ചതായും ബിൽ പിൻവലിക്കാൻ ഹൈബിയോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.ആവശ്യം അപ്രായോഗികവും അനവസരത്തിലുമെന്ന് ശശി തരൂരും അടൂർ പ്രകാശും തലസ്ഥാനം മാറ്റണമെന്ന ബിൽ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

വിവാദങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാനാണ് സർക്കാർ ശ്രമമെന്നും ഈ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും കെ എസ് ശബരീനാഥൻ പറഞ്ഞു.ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും എല്ലാ എംപിമാരും അവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താകും സ്ഥിതിയെന്നും കെ മുരളീധരൻ തുറന്നടിച്ചു.