പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ പറന്ന ഡ്രോൺ കണ്ടെത്താനായില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പറന്ന ഡ്രോൺ കണ്ടെത്താനായില്ല.ഇതുവരെ ഡ്രോൺ കണ്ടെത്തിയിട്ടില്ലെന്നും ഡ്രോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും ഡൽഹി പോലീസ് അറിയിച്ചു. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംഘമാണ് ഡ്രോൺ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഡൽഹി പോലീസിനെ അറിയിച്ചു.

“പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അജ്ഞാത വസ്തു പറക്കുന്നതായി വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളിൽ സമഗ്രമായ തിരച്ചിൽ നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു വസ്തുവും കണ്ടെത്തിയില്ല. എയർ ട്രാഫിക് കൺട്രോൾ റൂമിലും (എടിസി) ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്ത് നിന്നും അവർക്കും ഒന്നും കണ്ടെത്താൻ സാധിച്ചില്ല ,” ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.