ചെന്നൈ : തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തന്റെ ആരാധക സംഘടനയായ മക്കള്‍ ഇയക്കം തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.
മാതാപിതാക്കളോട് പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് ഉപദേശിക്കണമെന്ന് കുട്ടികളോട് പറഞ്ഞ വിജയ് വിദ്യാര്‍ഥികളെ ഭാവി വോട്ടര്‍മാര്‍ എന്നാണ് വിശേഷിപ്പിച്ചത്.തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ച് വേദികളില്‍ പലതവണ രാഷ്ട്രീയം പറഞ്ഞിട്ടുള്ള വിജയ് ഒരു പൊതുചടങ്ങില്‍ ‘അരസിയല്‍’ സംസാരിക്കുന്നത് ആദ്യമായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് ചിത്രം ലിയോയുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അഭ്യൂഹമുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന സിനിമയ്ക്ക് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന ചിത്രത്തിലാകും വിജയ് അഭിനയിക്കുക. 2024 ദീപാവലിക്ക് റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന് ശേഷം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് താല്കാലിക ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
സാധാരണ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിന് വേദിയാകാറുള്ള ചെന്നൈയ്ക്ക് പകരം കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ മൈതാനങ്ങളിൽ ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിജയ് യോ ആരാധക കൂട്ടായ്മയോ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.