സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് വ്യാപകമായ അതിതീവ്ര മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക്വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ​ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്.അതിതീവ്ര മഴ തുടരുന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുമുണ്ട്.

എറണാകുളം, കാസർഗോഡ്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.ആലപ്പുഴ ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. എങ്കിലും ആലപ്പുഴയിൽ മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്കൊന്നും മാറ്റം ഉണ്ടാവില്ല. കാസർഗോഡ് ജില്ലാ കലക്ടർ ജില്ലയിലെ സ്റ്റേറ്റ് -സിബിഎസ്ഇ – ഐസിഎസ്സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലങ്ങൾ അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ കോളേജുകൾക്ക് ഇന്നത്തെ അവധി ബാധകമല്ല.

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണം.കൊച്ചി സെന്‍റ് ആൽബർട്ട്സ് സ്കൂൾ മുറ്റത്തെ മരച്ചില്ല വീണ് ഗുരുതര പരിക്കേറ്റ പത്ത് വയസ്സുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കാസര്‍ഗോഡ് അംഗടിമുഗറില്‍ സ്കൂള്‍ കോമ്പൗണ്ടിലെ മരം വീണ് മരിച്ച വിദ്യാർത്ഥിനി ആയിഷത്ത് മിന്‍ഹയുടെ സംസ്കാരം ഇന്ന് നടക്കും.

അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നീ ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുമുണ്ട്.