കുടുംബ പ്രശ്‌നം,അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു

കണ്ണൂർ : അനുജനെയും കുടുംബത്തെയും തീകൊളുത്തിയശേഷം ജ്യേഷ്ഠൻ ആത്മഹത്യ ചെയ്തു.കണ്ണൂർ പത്തായക്കുന്ന് നൊച്ചോളി മടപ്പുരയ്ക്ക് സമീപം ശ്രീനാരായണയിൽ രൺജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അനുജൻ രജീഷിനെയും രജീഷിന്റെ ഭാര്യ സുബിനെയും , മകൻ ദക്ഷൻ തേജിനേയും തീകൊളുത്തിയശേഷം രൺജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

അനുജൻ രജീഷും ഭാര്യയും മകനും വീട്ടിലെ ഡൈനിങ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രഞ്ജിത്ത് വഴക്കു കൂടുകയും തുടർന്ന് തറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.തീ പടർന്നതിനെ തുടർന്ന് രജീഷിനും ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളലേറ്റു. സാരമായി പൊള്ളലേറ്റ സുബിനയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തീ പടർന്നതിനെ തുടർന്ന് ഡൈനിങ് ഹാളിലെ കട്ടിലും കിടക്കയും ഉപകരണങ്ങളുമൊക്കെ കത്തിക്കരിഞ്ഞിരുന്നു.തീ കൊളുത്തിയ ശേഷം രൺജിത്ത് കിടപ്പുമുറിയിൽ കയറി വാതിലടച്ചു.ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ തള്ളിത്തുറന്ന്‌ നോക്കുമ്പോൾ രൺജിത്ത് തൂങ്ങി നിൽക്കുന്നനിലയിലായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.