പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ

കൊച്ചി : കാഴ്ച പരിമിതയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ കോട്ടയം സ്വദേശി ജീമോനെ എറണാകുളം മുനമ്പം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പെൺകുട്ടി പാട്ട് പാടുന്നത് വൈറലാക്കി നൽകാമെന്നും പാടുന്നത് ചിത്രീകരിക്കാമെന്നും പറഞ്ഞാണ് ജീമോൻ പെൺകുട്ടിയെ ചെറായിലുള്ള ഹോട്ടൽ മുറിയിൽ എത്തിച്ച് പീഡിപ്പിച്ചത്.

കോട്ടയം കൂട്ടിക്കൽ യേന്തയാർ സ്വദേശിയാണ് 42 വയസുള്ള ജീമോൻ.നിരവധി വൈറൽ വീഡിയോകൾ പങ്കുവെക്കുന്നതിലൂടെ പ്രമുഖനായ ജീമോൻ ഇത്തരത്തിൽ വിശ്വാസ്യത പിടിച്ചെടുത്താണ് പെൺകുട്ടിയെ ചെറായിലെ ഹോട്ടൽ മുറയിൽ എത്തിച്ചത്.

പെൺകുട്ടി അമ്മയ്ക്കും സഹോദരനൊപ്പമാണ് ജീമോൻ പറഞ്ഞ ചെറായിലെ ഹോട്ടലിലെത്തിയത്.അമ്മയും സഹോദരനുമില്ലാത്ത സമയത്താണ് ജീമോൻ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇക്കാര്യം പെൺകുട്ടി അമ്മയെ അറിയിക്കുകയും ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പോലീസെത്തി ജീമോന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.