ബാംഗളൂർ : കർണാടകയിൽ മാർക്കറ്റിലേക്ക് പോകുകയായിരുന്ന 2,000 കിലോ തക്കാളിയുമായി വന്ന വാഹനം അജ്ഞാതർ കൊള്ളയടിച്ചു.ചിക്കജലയ്ക്ക് സമീപം ആർഎംസി യാർഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചിത്രദുർഗയിലെ ഹിരിയൂർ ടൗണിൽ നിന്ന് കോലാറിലെ മാർക്കറ്റിലേക്ക് തക്കാളി കൊണ്ടുപോവുകയായിരുന്നു കർഷകൻ.
കാറിൽ തക്കാളി വാഹനം പിന്തുടരുകയും ഒടുവിൽ അത് തടഞ്ഞ് കർഷകനെയും ഡ്രൈവറെയും ആക്രമിച്ചു. ഇവരോട് പണം ആവശ്യപ്പെടുകയും ഓൺലൈനായി തുക കൈമാരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കർഷകനെയും റോഡിൽ നിർത്തി തക്കാളി വണ്ടിയുമായി ആക്രമികൾ കടന്നുകളയുകയായിരുന്നു. ബെംഗളൂരു പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യമെങ്ങും തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയ്ക്കാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. ഡല്‍ഹിയില്‍ കിലോയ്ക്ക് 140 രൂപയും ചെന്നൈയിലും 100 മുതല്‍ 130 രൂപ വരെയും ഒരു കിലോ തക്കാളിക്ക് വിലയുണ്ട്.ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ് തക്കാളിക്ക് വില.
തക്കാളിയുടെ വില കുതിച്ചുയരുന്നത് കർഷകരെ മോഷണ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിളവെടുക്കുന്ന ഇടങ്ങളിൽ കാവലേർപ്പെടുത്തിയും സുരക്ഷിതമായ സംഭരണശാലകൾ കണ്ടെത്താനുള്ള ഓട്ടത്തിലുമാണ് കർഷകരെന്ന് റിപ്പോർട്ടുകൾ പറയുന്നു.അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ തേടി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് ആർഎംസി യാർഡ് പൊലീസ് അറിയിച്ചു.