പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ

അബുദാബി: ഫ്രാൻസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 9.15ന് യുഎഇയില്‍ എത്തി.പ്രധാനമന്ത്രിയായ ശേഷം ഇത് അഞ്ചാം തവണയാണ് മോദി യുഎഇയിലേക്ക് എത്തുന്നത്.അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തിയ നരേന്ദ്ര മോദിക്ക് യുഎഇ ഊഷ്മളമായ സ്വീകരണം നൽകി.

പ്രധാനമന്ത്രി ഇന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ആഗോള വിഷയങ്ങളിലെ സഹകരണം ഉള്‍പ്പെടെയുള്ള നയന്ത്രവിഷയങ്ങളിൽ ചർച്ച നടത്തും.വിവിധ ധാരണാപത്രങ്ങളില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കും. ‌കോപ്പ് 28 പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി യുഎഇയിൽവെച്ച് കൂടിക്കാഴ്ച നടത്തും.കോപ്-28ന് ആതിഥ്യമരുളുന്നത് യുഎഇയാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ- യുഎഇ സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്നും ഇരു രാജ്യങ്ങളും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ക്രമാനുഗതമായി വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.15 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.