റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അൽ അഹ്‌സയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു,മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു,വിരലടയാള പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.പത്ത് പേർ അപകടത്തില്‍ മരിച്ചതില്‍ ഒരാള്‍ മലയാളിയാണ്.തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന പൂന്തുറ സ്വദേശി നിസാം എന്ന അജ്‌മൽ ഷാജഹാനാണ് മരിച്ച മലയാളി.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ദാരുണമായ തീപിടിത്തമുണ്ടാകുന്നത്. അൽഅഹ്‌സയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ക്രാപ്യാർഡിനടുത്ത് സ്ഥിതി ചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ് തീപിടുത്തമുണ്ടായത്. വർക്ക് ഷോപ്പിന്‍റെ മുകളിലുള്ള താമസ സ്ഥലത്ത്ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. മലയാളിയായ സ്ഥാപന ഉടമ ഉള്‍പ്പെടെ 14 പേരാണ് ഇവിടെ ജോലിചെയ്തിരുന്നത്.
സുഹൃത്തുക്കളെ കാണാനായി പുറത്തുപോയ മൂന്നുപേരും നമസ്കാരത്തിനായി മൂന്നരയോട് കൂടി പള്ളിയിലേക്ക് പോയ മറ്റൊരാളും .രക്ഷപെട്ടവരിൽപെടുന്നു.മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശികളുമാണന്നാണ് വിവരം.തീപിടുത്തത്തിന് കാരണം ഷോർട്സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. അന്തരീക്ഷത്തിലെ കടുത്ത ചൂടും കാറ്റും സ്പോഞ്ച്, പശ ഉള്‍പ്പെടെയുള്ള ദ്രാവകങ്ങളുടെ സാന്നിധ്യവും പെട്ടന്ന് തീപടരാൻ കാരണമായി.തീപടർന്ന് നിമിഷങ്ങൾക്കം കെട്ടിടം മുഴുവനും വ്യാപിക്കുകയായിരുന്നു.
വിജനമായ സ്ഥലവും ജോലി ആരംഭിക്കുന്നതിന് മുമ്പുള്ള സമയവുമായതിനാൽ അധികം പേരും ഉച്ച ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മുറിയിൽ കടുത്ത പുക നിറഞ്ഞതോടെ മുറിയിലുള്ളവർക്ക് രക്ഷപ്പെടാനും സാധിച്ചില്ല. വാതിൽ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരും തീയിൽ അകപ്പെട്ട് പൂർണ്ണമായും കത്തിക്കരിഞ്ഞു. പത്തിലധികം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.