വ്യാജരേഖകളുമായി താലൂക്ക് ഓഫീസില്‍ ജോലിക്കെത്തിയ യുവതിഅറസ്റ്റിൽ

കൊല്ലം: റാങ്ക് പട്ടിക ഉൾപ്പടെ മുഴുവൻ വ്യാജരേഖകളുമായി ജോലിക്കെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.പി.എസ്.സി. റാങ്ക് പട്ടിക, അഡ്വൈസ മെമ്മോ തുടങ്ങി എല്ലാ രേഖകളും വ്യാജമായി നിർമ്മിച്ചാണ് ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയത്.കൊല്ലം വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് പിടിയിലായത്.

റവന്യൂവകുപ്പിൽ എൽഡി ക്ലർക്കായി നിയമനം ലഭിച്ചെന്ന് കാണിച്ച്‌ ഇവർ കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എത്തി രേഖകൾ കാണിച്ചപ്പോൾ ഉത്തരവിലെ ഒപ്പിൽ റവന്യൂ ഓഫീസര്‍ എന്ന പേര് കണ്ടതോടെ തഹസിൽദാർക്ക് സംശയം തോന്നി.സാധാരണ ഉത്തരവിൽ ഒപ്പിടേണ്ടത് കളക്ടറാണ്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ 22-ാം റാങ്ക് ലഭിച്ചെന്നാണ് രാഖി പറഞ്ഞത്. ഇതേ പട്ടികയിലെ 35-ാം റാങ്കുകാരൻ കരുനാഗപ്പള്ളി താലൂക്കിൽ നേരത്തെ ജോലിക്ക് പ്രവേശിച്ചിരുന്നു.

രാഖിയോട് തഹസില്‍ദാര്‍ ജില്ലാ പി.എസ്.സി. ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതിനെ തുടർന്ന് പി.എസ്.സി. ഓഫീസില്‍ കുംടുംബ സമേതം എത്തുകയും പരിശോധനയില്‍ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്തു.പി.എസ്.സി. ഉദ്യോഗസ്ഥര്‍ രാഖിയെയും കൂടെയെത്തിയ ബന്ധുക്കളെയും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.

രേഖകള്‍ പരിശോധിച്ച പോലീസ് പി.എസ്.സി. ഓഫീസില്‍വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല.വിശദമായ ചോദ്യം ചെയ്യലിൽ രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി പറഞ്ഞു കൂടെയുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ക്ക് വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു . പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തു