21കാരൻ വീടിനുള്ളിൽ മരിച്ചനിലയിൽ , കുടുംബാം​ഗങ്ങൾ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ചിതറ ചല്ലിമുക്കിൽ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കഴുത്തിൽ കയറിന് സമാനമായ വസ്തുവിനാൽ കെട്ടി വലിച്ചതാകാം മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.മരിച്ച യുവാവിൻറെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ അഭിലാഷ് ഭവനിലെ ആദർശിനെയാണ് വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു.കഴിഞ്ഞ ദിവസം സമീപത്തെ വീട്ടുകാരുമായി വഴക്കുണ്ടാക്കിയ ആദർശിനെ മാതാപിതാക്കളും ജ്യേഷ്ഠനും ചേർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.എന്നാൽ ഇയാൾ വീട്ടുകാരുമായും വഴക്കുണ്ടാക്കി.

രാവിലെ വീട്ടുകാർ ആദർശ് മരിച്ചതായി സമീപവാസികളോട് പറഞ്ഞു . തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിച്ചു.പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കഴുത്തിൽ എന്തോ കൊണ്ട് ശക്തിയായി വലിച്ച അടയാളമുള്ളതായി കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ആദർശിൻറെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, ചേട്ടൻ അഭിലാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.