ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി വിലാപയാത്ര കോട്ടയത്തെത്തി വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും.

രാത്രിയോടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ തറവാട്ട് വീട്ടിൽ എത്തിക്കും.സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ചതിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക.ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾ പൂ‍ർത്തിയാക്കിയ ശേഷം പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിൽ വിലാപയാത്ര ആരംഭിച്ചു.

ഇന്നലെ തലസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തും  ഒഴുകിയെത്തിയത്. ഒരു മണിക്കൂർ കൊണ്ടാണ് പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയുടെ മുന്നിലെത്താനുള്ള രണ്ട് കിലോമീറ്റർ പിന്നിട്ടത്.

പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയുടെ മുന്നിലെത്താൻ ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ സമയമെടുത്തത് ഇന്നാകും.കർമ്മ മണ്ഡലം വിട്ട് ജമ്മഭൂമിയിലേക്ക് ഉമ്മൻ ചാണ്ടി വരുന്നു.. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കയാത്രയില്ല.വി.ഡി സതീശൻ കുറിച്ചു.

കോട്ടയം ഡിസിസി ഓഫീസിലെത്തിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അന്ത്യമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് തിരുനക്കര മൈതാനിയില്‍ പൊതുദർശനത്തിന് വെയ്ക്കും.രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കുക