കോട്ടയം: പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കിഴക്കേ ദിക്കിൽ വൈദിക ശ്രേഷ്ഠരുടെ കബറിടങ്ങളുടെ സമീപത്ത് പ്രത്യേകമായൊരുക്കുന്ന കബറിടത്തിൽ ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളും.കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രത്യേക കല്ലറ പണിഞ്ഞത്.പുതുപ്പള്ളി സെമിത്തേരിയിലെ ഈ പ്രത്യേക കല്ലറയിലാണ് ഉമ്മൻചാണ്ടിയെ വ്യാഴാഴ്ച സംസ്കരിക്കുക.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ പൊതുദഡശനത്തിന് വെച്ചു. എ കെ ആന്‍റണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും ആയിരകണക്കിന് ആളുകളും ഇവിടെയെത്തി ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ ദർബാർ ഹാളിലെത്തിയാണ് ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചത്. പിന്നീട കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വെച്ചു.തലസ്ഥാനത്ത് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരത്തിലേറെ ആളുകളാണ് എത്തിയത്.
ജനസാഗരം ഒഴുകിയെത്തിയ തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പ്രത്യേകം അലങ്കരിച്ച് ബസിൽ കോട്ടയത്തേക്ക് പുറപ്പെട്ടു. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും നടക്കുന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ജനങ്ങളും പ്രിയനേതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കും.
രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും.
ഉച്ചയ്ക്ക് 12 മണിയോടെ വസതിയിൽവെച്ചുള്ള ശുശ്രൂഷ ചടങ്ങുകൾക്കുശേഷം ഒരു മണിയോടെയായിരിക്കും പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കുക. രണ്ട് മണി മുതല്‍ മൂന്ന് വരെയുള്ള സമയം വടക്കേ പന്തലില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. മൂന്നരയോടെ പരി. ബസേലിയോസ് മാര്‍ത്തോമ്മ, മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നിവര്‍ ചേർന്ന് അന്ത്യശുശ്രൂഷ നൽകും. വൈകിട്ട് അഞ്ചു മണിയോടെ അനുശോചന സമ്മേളനം ചേരും.
രാഹുൽ ഗാന്ധി, സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ,എം. കെ സ്റ്റാലിൻ തുടങ്ങിയ ഉന്നത നേതാക്കൾ ബെംഗളുരുവിൽ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു.