ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടർന്ന് മണിപ്പൂരിൽ വ്യാപക രോഷം ഉയരുകയാണ്. മേയ് നാലാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിചു കൊണ്ടിരിക്കുന്നത്.
സംഭവം വൈറലായതോടെ വിഷയത്തിൽ ഉടന്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പോലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് നിര്‍ദേശം നല്കി.രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ നടത്തിക്കൊണ്ട് വരുന്നതും ഒരു പാടത്തേക്ക് കൊണ്ടുപോകുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും.ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തതായും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.
ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി – മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്നാണ് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിക്കുന്നത്.ഇംഫാലില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ കാങ്കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറവും എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്കോപിയില് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക മാത്രമാണുണ്ടായതെന്നും മണിപ്പൂര്‍ പോലീസും പറയുന്നു.
പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിക്കുന്നതെന്ന് രാഹുൽ ഗാന്ധിയും ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരിൽ നിന്നും വരുന്നതെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നിൽക്കുന്നുവെന്നും ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു മണിപ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഇല്ലാതായെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രദ്യോത് ദേബ് ബർമ്മൻ വ്യക്തമാക്കി.
ഇത്തരം കൊടും ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്നും മനുഷ്യത്വരഹിതമായ ക്രൂരതയെ പ്രതിഫലിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ മൗനമെന്നും സീതാറാം യെച്ചൂരി പറഞ്ഞു . മണിപ്പൂരിലെ സ്ത്രീകൾക്ക് നീതി ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയുടെ നാരി ശക്തി അവകാശവാദം പൊള്ളയാണെന്ന വാദവുമായി തൃണമൂൽ കോൺഗ്രസും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം ജനങ്ങൾക്ക് വേദനാജനകമെന്ന് മാണെന്ന് ആംആദ്മി പാർട്ടിയും പ്രതികരിച്ചു.
പ്രതികളെ ഉടൻ പിടികൂടുമെന്നും കൂട്ട ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ടെന്നും മണിപ്പൂർ പോലീസ് അറിയിച്ചു