മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി, ലൈംഗികാതിക്രമം നടത്തി; പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് കത്തിച്ച് ജനം. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. ഇന്നലെ അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.മണിപ്പൂരില്‍ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിന്‍റെയും വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്റ്റിലായത്. അതിക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാരിന് നോട്ടീസയച്ചു. സംഭവത്തിന്‍റെ വിഡിയോ പ്രചരിച്ചത് വ്യാപക രോഷം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. മെയ് ആദ്യവാരത്തില്‍ നടന്ന അതിക്രൂരമായ സംഭവത്തിന്‍റെ വിഡിയോ ബുധനാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ദി വയറിനോട് വെളിപ്പെടുത്തിയിരുന്നു. എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടന്നത്.