എട്ടാം തവണ മികച്ച നടനായി മമ്മൂട്ടി, വിൻസി മികച്ച നടി

തിരുവനന്തപുരം : 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിന്‍സി അലോഷ്യസ് മികച്ച നടിയായി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. അറിയിപ്പ് എന്ന സിനിമയിലൂടെ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത” ന്നാ താന്‍ കേസ് കൊട് ” ഏറ്റവും കൂടുതൽ അവാർഡുകൾ നേടി..ജനപ്രീതിയും കലാമേന്മയുമുള്ള സിനിമ,കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍,ശബ്ദമിശ്രണം-വിപിന്‍ നായര്‍,പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ്,മികച്ച തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍,അഭിനയത്തിന് ബോബൻ കുഞ്ചാക്കോ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.

154 ചിത്രങ്ങളാണ് 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി ജൂറിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. നീണ്ട 33 ദിവസത്തെ സ്ക്രീനിംഗിലൂടെയാണ് പ്രാഥമിക, അന്തിമ വിധി നിർണയ സമിതികൾ അവാർഡുകൾ തീരുമാനിച്ചത്. തിരിച്ചുവിളിക്കപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ 49 സിനിമകൾ അവസാനഘട്ട വിധിനിർണയത്തിനെത്തി. 19 നവസംവിധായകർ ഒരുക്കിയ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നുവെന്നത് മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ജൂറി വിലയിരുത്തി.

ആവിഷ്കാരത്തിലെ പുതുമകളും ഘടനാപരമായ മാറ്റങ്ങളും സാങ്കേതികതയുടെ സങ്കലനങ്ങളും പുതിയ കഥകളും വിസ്മയകരമായ വിധം മലയാള സിനിമയെ സമ്പന്നമാക്കുന്നു. ഇതര ഭാഷാചിത്രങ്ങൾക്ക് മാതൃകയാകുന്ന നിരവധി സിനിമാ നിർമ്മിതികൾ മലയാളത്തിൽ നിന്നുണ്ടാകുന്നുവെന്നത് അഭിമാനാർഹമാണെന്നും ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് ചെയർമാനായ അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.