വിനായകന്റെപോലീസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച കേസിൽ നോർത്ത് പോലീസ് വിനായകന്റെ കലൂരിലെ ഫ്ലാറ്റിൽ എത്തി നടനെ ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.പിടിച്ചെടുത്ത ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രക്കിടെ വിനായകൻ നടത്തിയ വിവാധ പരാമർശത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉടലെടുക്കുകയും നിരവധി പരാതികൾ പോലീസിന് കിട്ടുകയും ചെയ്തതോടെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.

വിനായകനെ സിനിമയിൽ നിന്ന് തൽക്കാലത്തേക്കു മാറ്റി നിർത്തുന്നതടക്കമുള്ള നടപടികളെടുക്കുവാൻ ചലച്ചിത്ര സംഘടനകള്‍ ആലോചിക്കുന്നണ്ട്.പോലീസ് നടപടിയ്ക്ക് ശേഷം തീരുമാനം അറിയിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സാംസ്കാരിക മന്ത്രി സജി ചെറിയാനും നടനെതിരെ പ്രതികരിച്ചിരുന്നു.

പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ഫേസ്ബുക്കിലൂടെ അത്തരത്തിലൊരു വീഡിയോ ചെയ്തതെന്നാണ് വിനായകൻ പോലീസിന് നൽകിയ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ തകർത്തുവെന്നും കാണിച്ച് വിനായകൻ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പിൻവലിക്കാൻ തയാറാണെന്ന് നടൻ പിന്നീട് അറിയിച്ചു.

സംഭവത്തിൽ വിനായകനെതിരെ കേസൊന്നും വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.