അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ട് സർക്കാർ തന്നെ അവഹേളിച്ചു.ഹർഷിന

കോഴിക്കോട്: അഞ്ച് വര്‍ഷം മുമ്പാണ് പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെകെ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹർഷിന പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.മെഡിക്കല്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കത്രിക അവരുടേതല്ലെന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ വകുപ്പു മന്ത്രി നേരിട്ടെത്തി ഹര്‍ഷിനയുടെ പരാതി കേള്‍ക്കുകയും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാൽ രണ്ട് ലക്ഷം രൂപ ധന സഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചത്.

അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും മതിയായ നഷ്ടപരിഹാരത്തിനൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണമെന്നും ഹര്‍ഷിന ആവശ്യപ്പെടുന്നു.തനിക്കുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാവരുത്. വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടിയാണ് വേണ്ടതെന്നും ഹർഷിന പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്നും രണ്ട് ഡോക്ടർമാരും രണ്ട് നേഴ്‌സ്മാരും കുറ്റക്കാരാണെന്നും പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നു.നീതി തേടി ഹർഷിന നടത്തുന്ന സമരം 65 ദിവസം പിന്നിട്ടപ്പോഴാണ് പൊലീസ് റിപ്പോർട്ട് പുറത്തുവരുന്നത്.

വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. പൊലീസ് അന്വേഷണ റിപ്പോർട്ട് വന്നതോടെ താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞുവെന്നും ഹർഷിന പറ‍ഞ്ഞു.ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയിൽ നീതി തേടി കഴിഞ്ഞ 65 ദിവസമായി ഹർഷിന സമരം തുടരുകയാണ്.