കാർ​ഗിൽ സൈനികരുടെ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം

ജൂലൈ 26 ഇന്ന് കാർഗിൽ വിജയ് ദിവസം ഇന്ത്യയൊട്ടാകെ ആചരിക്കുന്നു.ഇന്ത്യൻ സൈനികരുടെ ധീരമായ പോരാട്ടത്തെ അനുസ്മരിക്കുന്നതിനായി ഓപ്പറേഷൻ വിജയ് എന്ന കാർ​ഗിൽ യുദ്ധത്തിന്റെ സ്മരണയിൽ ഇന്ന് രാജ്യം കാർ​ഗിൽ വിജയ് ദിനം ആചരിക്കുന്നു.

60 ദിവസത്തിലധികം നീണ്ടുനിന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ സൈനികരും തീവ്രവാദികളും കയ്യേറിയ ഇന്ത്യയുടെ ഭൂമിയിൽ സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചതിന്റെ ഓർമ്മയാണ് കാർ​ഗിൽ വിജയ് ദിവസ്.1999 ജൂലൈ 26 ന് ഇന്ത്യ ധീരമായി വിജയം കൈവരിച്ചു.

ജമ്മു കശ്മീരിലെ തണുത്തുറഞ്ഞ കൊടുമുടികളിൽ നടന്ന കാർഗിൽ യുദ്ധത്തിൽ നമ്മുടെ സൈനികർ നടത്തിയ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ഇന്ത്യൻ സായുധ സേനയുടെ പരമോന്നത ത്യാഗത്തെയും മഹത്തായ വിജയത്തെയും ബഹുമാനിക്കുന്നതിനായി, രാജ്യത്തുടനീളം ഈ ദിനത്തിൽ ആഘോഷങ്ങൾ നടക്കുന്നു.

ഇന്ത്യൻ നിയന്ത്രണത്തിലുള്ള കാർഗിൽ പ്രദേശത്തേക്ക് പാക് സൈനികരും തീവ്രവാദികളും നുഴഞ്ഞുകയറ്റം നടത്തിയതിനെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. “ഓപ്പറേഷൻ വിജയ്” എന്ന പദം, അധിനിവേശ കാർഗിൽ തിരിച്ചുപിടിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ആപ്തവാക്യമായി. 500 ഓളം ഇന്ത്യൻ സൈനികർക്കും 700 ലധികം പാകിസ്ഥാൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടതോടെ യുദ്ധം ഇരുവശത്തും നാശം വിതച്ചു. യുദ്ധത്തിൽ പീരങ്കികളുടെയും വ്യോമസേനയുടെയും കാലാൾപ്പടയുടെയും സേവനം ഉണ്ടായി. തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ നിന്ന് ശത്രുവിനെ തുരത്താൻ നിർണായകമായ വ്യോമാക്രമണങ്ങൾ നടത്തി. സംഘർഷസമയത്ത് പിന്തുണ നൽകുന്നതിൽ ഇന്ത്യൻ വ്യോമസേന നിർണായക പങ്ക് വഹിച്ചു.