ഏകദിന പരമ്പരയിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

ബ്രിഡ്‌ജ്‌ ടൗൺ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 5വിക്കറ്റ് ജയം.22.5 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം.ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ 23 ഓവറില്‍ വെറും 114 റണ്‍സിന് ടീം ഓള്‍ ഔട്ടായി നാലുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും
നാലു മാസം നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജ്യാന്തര ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഏകദിന അരങ്ങേറ്റം കുറിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. 46 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ കിഷന്റെ സംഭാവന. നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ 7(16) റണ്‍സ് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (ഏഴ് പന്തില്‍ അഞ്ച് റണ്‍സ്), ശര്‍ദുള്‍ ഠാക്കൂര്‍ (നാല് പന്തില്‍ 1 റണ്‍സ്) എന്നിവരും വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങി
രവീന്ദ്ര ജഡേജ (21 പന്തില്‍ 16 റണ്‍സ്), രോഹിത് ശര്‍മ (19 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കോഹ്ലി ബാറ്റിങ്ങിനിറങ്ങിയില്ല.

ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് (12*) ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം.അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ടോപ് സ്‌കോറര്‍.