യാത്രക്കാരനായ ഗവർണ്ണർ ബോർഡിങ് ഗേറ്റിലെത്തിയപ്പോഴേക്കും വിമാനം പോയി.ഖേദം പ്രകടിപ്പിച്ചു് എയർ ഏഷ്യ

ബെംഗളൂരു : ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനവത്താവളത്തിൽ ഇന്നലെയാണ് നാടകീയ സംഭവം നടന്നത്.ചെക്കിങ് കഴിഞ്ഞു ബോർഡിങ് പാസുമായിട്ടു ലോഞ്ചിൽ കാത്തിരിക്കുകയായിരുന്ന ഗവർണ്ണർ താവർചന്ദ് ഗെലോട്ട് ബോർഡിങ് ഗേറ്റിൽ എത്തുന്നതിനു മുൻപുതന്നെ ഹൈദരാബാദിലേക്കുള്ള വിമാനം പറന്നിരുന്നു.

പ്രോട്ടോക്കോൾ ലംഘനമാണെന്നു കാട്ടി ഗവർണർക്കൊപ്പമുള്ള ഉദ്യോഗസ്ഥ സംഘം എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി.”ഗവർണർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു. വിഷയത്തിൽ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. എയർലൈനിന്‍റെ ഉദ്യോഗസ്ഥ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്” എയർഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ഉച്ചയ്ക്ക് 2:05 ന് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിനാണ് ഗവര്‍ണര്‍ക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ഗവര്‍ണര്‍ 1:50ന് എത്തിയിരുന്നു. കുറച്ച് സമയം ഇവിടെ വിശ്രമിച്ച ശേഷമാണ് അദ്ദേഹം വിമാനത്തിനടുത്തേക്കെത്തിയത്. ഈ സമയത്താണ് വിമാനം യാത്ര പുറപ്പെട്ടത്. ഗവര്‍ണര്‍ എത്താന്‍ വൈകിയിരുന്നില്ലെന്നും പറന്നുയരാന്‍ അഞ്ച് മിനിറ്റ് ബാക്കിയുണ്ടായിരുന്നപ്പോള്‍ വിമാനത്തിനടുത്ത് എത്തിയിരുന്നുവെന്നുമാണ് രാജ്ഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

നേരത്തെ നിശ്ചയിച്ച വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ അടുത്ത വിമാനത്തിനായി ഗവർണർക്ക് ഒന്നരമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.