കാമുകനെ കാണാൻ പാക്കിസ്ഥാനിലേക്ക് പോകാനെത്തിയ 16 കാരി രേഖകളില്ലാതെ ജയ്‌പൂർ വിമാനത്താളത്തിൽ പിടിയിലായി

ജയ്‌പൂർ : കാമുകനെ കാണാനായി പാകിസ്ഥാനിലേയ്ക്ക് പോകാൻ മതിയായ രേഖകളൊന്നുമില്ലാതെ ജയ്‌പൂർ വിമാനത്താവളത്തിലെത്തിയ 16കാരിയായ പെൺകുട്ടി എയർപോർട് പോലീസിന്റെ പിടിയിലായി.രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ശ്രീമധോപൂർ സ്വദേശിയായ 16കാരിയായ പെൺകുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട അസ്ലം ലാഹോറി എന്ന പാക്കിസ്ഥാൻകാരനുമായി കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. പാക്കിസ്ഥാനിലേക്കുള്ള വിമാനത്തിൽ കയറാമെന്ന പ്രതീക്ഷയിലാണ് പെൺകുട്ടി വെള്ളിയാഴ്ച ജയ്‌പൂർ വിമാനത്താവളത്തിൽ എത്തിയത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാൻ തീരുമാനിച്ച പെണ്‍കുട്ടി പാക്കിസ്ഥാനിലേക്ക് പുറപ്പെടാനായി ജയ്‌പൂർ വിമാനത്താവളത്തിൽ എത്തി. ലാഹോറിലേക്ക് ടിക്കറ്റ് ചോദിച്ച പെൺകുട്ടിയുടെ പക്കൽ മതിയായ രേഖകളില്ലെന്നു ശ്രദ്ധയിൽപ്പെട്ട അധികൃതർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വീസയും പാസ്പോർട്ടുമില്ലാതെ ലാഹോർ സ്വദേശിയായ കാമുകനെ കാണാനായാണ് സിക്കാറിൽനിന്ന് പെൺകുട്ടി വിമാനത്താവളത്തില്‍ എത്തിയതെന്ന് വ്യക്തമായി.

അസ്ലം ലാഹോറിയുമായി കടുത്ത പ്രണയത്തിലാണെന്നും പാക്കിസ്ഥാനിൽ എത്തിയ ശേഷം അവളുടെ എല്ലാ ചെലവുകളും വഹിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായും പെണ്‍കുട്ടി പറയുന്നു. പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നതൊഴിച്ചാൽ ഇയാളെപ്പറ്റി മറ്റൊന്നും പെണ്‍കുട്ടിയ്ക്ക് അറിയില്ല.പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയെ പ്രലോഭിപ്പിച്ചതിന് പിന്നിലെ ലാഹോറിയുടെ പങ്കും ഇയാളുടെ ഉദ്ദേശ്യവും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും എയർപോർട്ട് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു.

ഈയിടെ വെളിച്ചത്ത് വന്ന മറ്റ് അതിർത്തി കടന്നുള്ള പ്രണയകഥകളുമായി സാമ്യമുള്ളതാണ് ഈ പെൺകുട്ടിയുടെ കഥയും.പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ ഹൈദർ (30) ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോമായ PUBG യിൽ പരിചയപ്പെട്ട തന്‍റെ കാമുകൻ സച്ചിൻ മീണയ്‌ക്കൊപ്പം ഗ്രേറ്റർ നോയിഡയിൽ കഴിയാനായി തന്‍റെ നാല് കുട്ടികളുമായി മെയ് മാസത്തിൽ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു.ഇന്ത്യയിൽ നിന്നുള്ള 35 കാരിയായ അഞ്ജു,ഫെയ്‌സ്ബുക്കു വഴി പരിചയപ്പെട്ട് സന്ദേശങ്ങളും കോളുകളും കൈമാറി പ്രണയത്തിലായ നസ്‌റുല്ലയെ കാണാൻ ജൂലൈയിൽ പാക്കിസ്ഥാനിലെത്തി. രണ്ട് സ്ത്രീകളും നിയമവിരുദ്ധമായി അതിർത്തി കടന്നുള്ള ബന്ധങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നേരിടുയാണിപ്പോൾ.