ആലുവയിലെ അഞ്ചുവയസുകാരി ക്രൂരമായി ആക്രമിക്കപ്പെട്ടു, പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുഞ്ഞ് ക്രൂരമായി ആക്രമണത്തിന് വിധേയമായതായും പ്രതി പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായും റിമാൻഡ് റിപ്പോർട്ട്. കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ള ആളാണ് പ്രതിയെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പോലീസ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ലൈംഗികമായി ഉപദ്രവിച്ചതോടെ കുട്ടി നിലവിളിച്ചു. ഇതോടെ പ്രതി കുട്ടിയുടെ വായ മൂടി പിടിച്ചു. ഈ സമയത്ത് കുട്ടി അബോധാവസ്ഥയിലായി. പ്രതി കുട്ടി ധരിച്ച മേൽവസ്ത്രം ഊരി കഴുത്തിൽ കുരുക്കി മരണമുറപ്പിച്ചു. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിട്ടില്ലായിരുന്നു എന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു.കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരത്ത് കല്ലെടുത്ത് വച്ചു. മാലിന്യം വിതറി മൃതദേഹം മറവു ചെയ്തു.

പ്രതി ബിഹാറിലെ ഗോപാൽ ഗഞ്ച് ജില്ല സ്വദേശിയാണ്. കൊലപാതകം നടന്നത് ബലാൽസംഗത്തിനിടെയാണ്. പ്രതി മറ്റു സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.