മുംബൈ : മഹാരാഷ്ട്രയിലെ പാൽഗർ റെയിൽവേ സ്റ്റേഷന് സമീപം മുംബൈ ട്രെയിനിൽ വെടിവയ്പ്പിൽ നാല് മരണം. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ആക്രമണമുണ്ടായത്. റെയിൽവേ പ്രൊട്ടെക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ വെടിയുതിർത്തത്. ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും മറ്റ് മൂന്നു പേർ യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
ട്രെയിനിന്റെ ബി5 കോച്ചിലാണ് വെടിവയ്പ്പുണ്ടായത്.വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഭിപ്രായവ്യത്യാസത്തെ തുടർന്ന് സഹപ്രവർത്തകന് നേരെ വെടിയുതിർത്തതാണെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കമായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്രെയിനിലെ എസ്കോർട്ടിംഗ് ടീമിന്റെ ഭാഗമായിരുന്ന ഇയാൾ ഓട്ടോമാറ്റിക് തോക്ക് കൈവശം വച്ചിരുന്നു. ഈ തോക്ക് വച്ചാണ് ആക്രമണം നടത്തിയത്. താൻ ക്ഷീണിതനാണെന്നും തനിക്ക് വിശ്രമം ആവശ്യമാണെന്നും പറഞ്ഞിരുന്ന ഇയാൾ കുഴപ്പമില്ലെന്ന് പറഞ്ഞ് എത്തുകയായിരുന്നു.ഇയാളുടെ മാനസിക നില മോശമാണെന്ന് പോലീസ് പറയുന്നു.
ദഹിസർ സ്റ്റേഷന് സമീപത്ത് വച്ച് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചതിന് ശേഷം പ്രതി ആർപിഎഫ് ജവാൻ ചാടി രക്ഷപെട്ട പ്രതിയെ പിന്നീട് മീറ റോഡ് ഭാഗത്ത് നിന്നും ആയുധം സഹിതം കസ്റ്റഡിയിലെടുത്തതായി വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
വെടിവയ്പ്പിനുള്ള കാരണമെന്താണെന്ന് അന്വേഷിക്കാൻ ജിആർപി കമ്മീഷണർ രവീന്ദ്ര ഷിശ്വെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.