കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിനെ പോലീസിന്റെ അപേക്ഷ പരിഗണിച്ച് എറണാകുളം പോക്സോ കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.ചോദ്യം ചെയ്യുന്നതിനു പുറമെ പ്രതിയെ കൊലപാതകം നടന്ന ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
എറണാകുളം പോക്സോ കോടതി നിര്‍ദേശ പ്രകാരം പ്രതി അസ്ഫാക്കിനെ ഉച്ചക്ക് രണ്ടരയോടെ കോടതിയില്‍ ഹാജരാക്കി.പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദമായി ചോദ്യം ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നും പ്രോസിക്യൂഷന്റെ കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ട കോടതി പ്രതിയെ ഈ മാസം 10വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു.
അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പോലീസിന്റെ വിരലടയാളം കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഡല്‍ഹി ഗാസിപ്പുർ പൊലീസ് സ്റ്റേഷനിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാള്‍ക്കെതിരെ പോക്സോ കേസുണ്ടെന്ന് കണ്ടെത്തി. ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു.ത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളി , പ്രതി യാത്ര ചെയ്ത ബസിലെ സഹയാത്രിക , ബസ് ജീവനക്കാരൻ എന്നീ പ്രധാന സാക്ഷികളുമായി ആലുവ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ ആലുവ മാർക്കറ്റിലേയ്ക്ക് അഞ്ചു വയസുകാരിയെ കൂട്ടി കൊണ്ട് പോയത് അസഫാഖ് ആലം തന്നെയാണെന്ന് പ്രതിയെ തിരിച്ചറിഞ്ഞു.
നേരത്തെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയപ്പോൾ വന്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളയുകയായിരുന്നു.