ആലുവ കൊലപാതകം: കുട്ടിയുടെ ശരീരത്തിൽ സാധാരണ പീഡനവധങ്ങളിൽ കാണാത്തതും ക്രൂരവുമായ മുറിവുകൾ

കൊച്ചി∙ ആലുവയിലെ അഞ്ചു വയസുകാരിയെ പ്രതി അസഫാക് ആലം കൊലപ്പെടുത്തിയതു കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്നു ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്താൻ പ്രതി അസഫാക് ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ അന്വേഷണസംഘം കുട്ടിയുടെ മാതാവിന്റെ സഹായം തേടും.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും ഇന്ന് എറണാകുളം പോക്സോ കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും. പീഡനത്തിനു ശേഷം പ്രതി അസഫാക് പെൺകുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം തുടങ്ങി. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കാളിത്തമില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കുറ്റകൃത്യത്തിന്റെ തലേന്നും പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു പരാജയപ്പെട്ടതായും സംശയിക്കുന്നുണ്ട്.അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം യുപി, ബിഹാർ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.