എൻഎസ്എസിൻ്റെ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ ഗണപതിയെ അപമാനിച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരത്ത് എൻഎസ്എസിൻ്റെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രക്കെതിരായ കേസ് പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കർ ചെയ്തതെന്നും കെ സുധാകരൻ.

ശബരിമലയിൽ തിരുത്തിയതിനേക്കാൾ ശരവേഗത്തിൽ മിത്ത് വിവാദത്തിൽ ഗോവിന്ദൻ തിരുത്തിയത് സ്വാഗതാർഹമാണ്. ഇത് ആത്മാർത്ഥമാണെങ്കിൽ നാമജപയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരേ എടുത്ത കേസും ശബരിമലയിൽ രണ്ടായിരത്തോളം പേർക്കെതിരേ എടുത്ത കേസും പിൻവലിക്കണം. ശബരിമല വിവാദത്തെ സുവർണാവസരമായി കണ്ട ബിജെപി മിത്ത വിവാദത്തേയും അതേ ദുഷ്ടലാക്കോടെയാണ് കാണുന്നത്.

മണിപ്പൂരിനെയും ഹരിയാനയേയും പ്രക്ഷുബ്ധമാക്കിയ ബിജെപിയുടെ തനിപ്പകർപ്പാണ് കേരളത്തിലും കാണുന്നത്.നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കർ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാൻ ശ്രമിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.