സോളാർ പാനൽ കാണാനെത്തിയ യുവാവ് വളളത്തിൽ നിന്ന് കായലിൽ വീണു കാണാതായി

കായംകുളം: മുതുകുളത്ത് സുഹൃത്തുക്കളോടൊപ്പം വളളത്തിൽ പോകവെ കായലിൽ വീണു യുവാവിനെ കാണാതായി. ആറാട്ടുപുഴ കളളിക്കാട് ഷിജു ഭവനത്തിൽ ഷിബുവിന്റെ മകൻ ഷിബിനെ(അപ്പൂസ്-21)യാണ് കാണാതായത്.എൻ.ടി.പി. സി.യുടെ സോളാർ പാനൽ കാണാൻ വേണ്ടി പടിഞ്ഞാറേക്കരയിൽ നിന്നാണ് ഇവർ വന്നതെന്നാണ് നാട്ടുകാർ പറഞ്ഞു.

നാലുപേരാണ് വളളത്തിലുണ്ടായിരുന്നത്.ഷിബിൻ വീഴുന്നതുകണ്ട് സുഹൃത് മഹേഷും വെളളത്തിലേക്ക് ചാടി.ആഴമുളള ഭാഗമായതിനാൽ മുങ്ങി താഴ്ന്ന മഹേഷിനെ സമീപത്തു നീട്ടുവലയിടുകയായിരുന്ന റെജിയും മറ്റു മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി.ശനിയാഴ്ച ആറേകാലോടെ ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തുകടവിനു വടക്കുഭാഗത്തായാണ് അപകടം നടന്നത്.മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബിനായുള്ള തിരച്ചിൽ തുടരുന്നു