മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസ് നടപടിയ്‌ക്കെതിരേ പ്രതിഷേധം

കണ്ണൂർ: സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റിയംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ(43) കാപ്പ ചുമത്തി നാടുകടത്തിയ പാനൂർ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചമ്പാട്ട് സ്ത്രീകളടമുള്ള പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി.യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ആറുമാസത്തേക്കാണ് തടഞ്ഞത്.

സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്. ഇതുവലിയ ചർച്ചയാക്കിയ സിപിഎം പ്രവർത്തകർ പരസ്യമായി പ്രതിഷേധിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്തിരുന്നു.കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്.

സിപിഎമ്മിന്റെയോ യുവജന സംഘടനകളുടെയോ നേതാക്കളാരും പ്രകടനത്തിൽ പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ് .