രണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും രണ്ട് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.ആദ്യ ഓവറില്‍ തന്നെ ബ്രാന്‍ഡണ്‍ കിങ്ങിനെയും ജോണ്‍സണ്‍ ചാള്‍സിനെയും മടക്കി ഇന്ത്യന്‍ നായകന്‍ വിന്‍ഡീസിന് തിരിച്ചടി സമ്മാനിച്ചു.

നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്റെ വിജയശിൽപി.അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഈ വിജയത്തോടെ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി. നിക്കോളാസ് പൂരാന്‍ ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ വിന്‍ഡീസ് ക്യാമ്പില്‍ പ്രതീക്ഷ വന്നു. ആദ്യ ആറോവറില്‍ തന്നെ 61 റണ്‍സാണ് ടീം അടിച്ചെടുത്തത്. ബിഷ്‌ണോയ് ചെയ്ത ആറാം ഓവറില്‍ പൂരാന്‍ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 18 റണ്‍സ് നേടി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.