നടുറോഡില്‍ യുവതിയെ വിവസ്ത്രയാക്കി ആക്രമിച്ച മകനും കണ്ടു നിന്ന അമ്മയും അറസ്റ്റിൽ

ഹൈദരാബാദ് : നടുറോഡില്‍ യുവതിയ്ക്ക് നേരെ ആക്രമണം.ബാലാജി നഗറിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന 28 കാരിയായ യുവതിയെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ശാരീരിക ഉപദ്രവമേൽപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. കൂടെയുണ്ടായിരുന്ന അമ്മ നോക്കി നിൽക്കെയായിരുന്നു മദ്യപാനിയായ മകന്റെ പരാക്രമം പോലീസ് സ്ഥലത്തെത്തി അമ്മയെയും മകനെയും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

സ്ഥിര മദ്യപാനിയായ പെദ്ദമരയ്യ ഞായറാഴ്ച്ച രാത്രി എട്ടരയോടെ തുണിക്കടയില്‍നിന്ന് മടങ്ങിവരികയായിരുന്ന യുവതിയെ ബലമായി കടന്നു പിടിയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തു. അയാളെ തള്ളിമാറ്റി യുവതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ സംഭവങ്ങളെല്ലാം കണ്ടു കൊണ്ട് നിന്ന അക്രമിയുടെ അമ്മ ആക്രമണം തടയാൻ ഇടപെട്ടില്ല.അതുവഴി ബൈക്കില്‍ വന്ന യാത്രക്കാരനും ഒരു സ്ത്രീയും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെദ്ദാമരയ്യ അവരേയും ആക്രമിച്ചു.സ്ഥലത്ത് ഓടിക്കൂടിയ സ്ത്രീകളാണ് യുവതിയെ രക്ഷിച്ചതും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പുതപ്പിച്ചതും.

തെലങ്കാനയിലെ പോലീസ് ഡയറക്ടർ ജനറലിൽ നിന്ന് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.ഈ ഭയാനകമായ സംഭവത്തിൽ ശക്തമായി പ്രതികരിച്ച ദേശീയ വനിതാ കമ്മീഷൻ സംഭവത്തെ അപലപിക്കുകയും അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനും ഒപ്പം യുവതിയ്ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാനും നിര്‍ദേശിച്ചു.സെക്ഷൻ 354 (ബി) പ്രകാരമുള്ള പീഡനം, സെക്ഷൻ 323 പ്രകാരം ഉപദ്രവിക്കൽ, സെക്ഷൻ 506 പ്രകാരം പൊതു ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.