മൂവാറ്റുപുഴ: വിളവെടുക്കാറായ നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബി തീരുമാനം.മൂവാറ്റുപുഴയ്ക്ക് സമീപം വാരപ്പെട്ടി കാവുംപുറത്ത് കെ ഒ തോമസിൻറെ വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടികളഞ്ഞത്.
മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരായിരുന്നു വാഴ വെട്ടിയത്. സംഭവം വിവാദമായതോടെ വിശദമായ നടപടിക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു.220 കെ വി ലൈനിന് കീഴിൽ നട്ടു പിടിച്ചതിനാലാണ് നടപടി എന്നായിരുന്നു കെ എസ് ഇ ബി വിശദീകരണം. ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെ നട്ടിരുന്ന വാഴയായതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബിയുടെ പക്ഷം.
വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ഭരണ കക്ഷിയിൽ നിന്ന് തന്നെ ആവശ്യമുണ്ടായി. കൃഷി വകുപ്പ് മന്ത്രി പ്രസാദ് സംഭവത്തിൽ ഇടപെട്ടിരുന്നു.വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ല എന്ന വസ്തുതയും, കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ചിങ്ങം ഒന്നിന് നഷ്ടപരിഹാരം കൈമാറാൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി കെ എസ് ഇ ബി എൽ ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർക്ക് നിർദ്ദേശം നൽകി.