2024 ലും ബിജെപി ചരിത്രം ആവർത്തിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ സർ‍ക്കാരിന് ഗുണം ചെയ്യുകയാണെന്ന് മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി.മണിപ്പുർ വിഷയത്തിൽ രാജ്യം അവർക്കൊപ്പമാണെന്നും സമാധാനം ഉടൻ തിരിച്ചുവരാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉറപ്പ് നൽകി. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ എംപിമാർ ഇറങ്ങിപ്പോയത് മണിപ്പൂർ പ്രതിസന്ധിയിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നതിന്റെ തെളിവാണെന്നും പ്രധാനമന്ത്രി മോദി വിമർശിച്ചു.

രാജ്യത്തിന് വേണ്ടി ഇത്രയധികം ത്യാഗങ്ങൾ ചെയ്ത മണിപ്പുരിന് ഒരിക്കലും കോൺഗ്രസിൽ നിന്ന് അർഹത ലഭിച്ചില്ല.കോൺഗ്രസിന്റെ ഭരണത്തിന്റെ കീഴിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.അവിശ്വാസം പ്രതിപക്ഷത്തിന് പരീക്ഷണമാണ്. പ്രതിപക്ഷത്തിന് അധികാരത്തേട് ആർത്തിയാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കടന്നുപോകുന്നത് ഭാരതത്തിന്റെ സുവർണ്ണ കാലത്തിലൂടെയാണ്. രാജ്യത്തിന്റെ ഭാവി സുസ്ഥിരമാക്കുന്ന നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്.

അടുത്ത 1000 വർഷത്തേക്കുള്ള വികസനത്തിനാണ് അടിത്തറ പാകിയത്. യുവതലമുറയോടാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ഉത്തരവാദിത്വമുള്ളത്. സ്വപ്‌നങ്ങൾ കീഴടക്കാൻ സർക്കാർ അവർക്ക് ചിറകുകൾ നൽകി. യുവക്കൾക്കായി ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് – പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പുരിലെ ജനങ്ങളോട് പറയുന്നു – അമ്മമാർ, സഹോദരിമാർ, പെൺമക്കൾ – രാജ്യം നിങ്ങളോടൊപ്പമുണ്ട്. നമ്മൾ ഒരുമിച്ച് ഈ ബുദ്ധിമുട്ട് നേരിടുകയും സമാധാനം തിരിച്ചുവരുമെന്ന് ഉറപ്പാക്കുകയും ചെയ്യും. മണിപ്പുരിലെ അക്രമ സംഭവങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകാൻ കേന്ദ്രം കഠിനമായി പരിശ്രമിക്കുകയാണ്.മണിപ്പൂരിലെ ജനങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു, സംസ്ഥാനം ഒരിക്കൽ കൂടി വികസന യാത്ര നടത്തുമെന്നും , പ്രധാനമന്ത്രി മോദി പറഞ്ഞു.