ചാണ്ടി ഉമ്മനെ നേരിടാൻ ജയ്ക്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജയ്ക്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രതിഫലിച്ച ജനവികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

കഴിഞ്ഞ രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് വാശിയേറിയ പോരാട്ടം കാഴ്ചവെച്ചിരുന്നു ജയ്ക്ക് സി തോമസ്.മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ ജയ്ക്ക് സി തോമസ് മത്സരത്തിനിറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ ഒറ്റപ്പേര് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതോടെയാണ് ജയ്ക്ക് സ്ഥാനാര്‍ത്ഥിയായത്. ജയ്ക്ക് ഉള്‍പ്പെടെ മൂന്ന് നേതാക്കളെ പരിഗണിച്ച പാര്‍ട്ടി പരിഗണിച്ചത്. ജെയ്ക്കിന്റെ പേരിന് തന്നെ മുന്‍ഗണന കൊടുത്തു.2016ലും 2021ലും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനായതാണ് കാര്യങ്ങള്‍ ജെയ്ക്കിന് അനുകൂലമാക്കിയത്.

നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമായ ജയ്ക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയാണ്.എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയ ജയ്ക്ക് സി തോമസ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും അംഗമാണ്.