‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി

കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്.ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിക്കുവേണ്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊതുതാസ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് തുക കൈമാറിയത്.പുതിയ വിസയ്ക്കായി സാറയ്ക്ക് ക്വാലാലംപൂരില്‍ പോയി അപേക്ഷ നല്‍കണം. ഇവിടേക്കുള്ള വിമാന ടിക്കറ്റാണ് അദ്ദേഹം എടുത്ത് നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ പണവും നല്‍കി. വിസയുടെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്ത് നിന്നു മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. ഇതാണ് സാറയ്ക്ക് മുന്‍പില്‍ വലിയ പ്രതിസന്ധിയായത്. സഹായത്തിന് സുരേഷ് ഗോപിയ്ക്ക് സാറ നന്ദി പറഞ്ഞു.