സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞക്കാർ‌ഡ് ഉള്ളവർക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് മഞ്ഞക്കാർ‌ഡ് ഉള്ളവർക്ക് മാത്രം. അതിന് പുറമെ, അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനും ഓണക്കിറ്റിന്റെ വിതരണത്തിന് വേണ്ടി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. കൺസ്യൂമർഫെഡിൻറെ ത്രിവേണി സ്റ്റോറുകൾ, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നിവ മുഖേന പ്രവർത്തിക്കുന്ന കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ  ഈ മാസം 19 മുതൽ തുടങ്ങും.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ 13 ഇനത്തിൽപെട്ട നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ഈ ചന്തകൾ ക്രമീകരിച്ചിരിക്കുന്നത്. സബ്സിഡി ലഭിക്കാത്ത സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടാകും.