കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചേയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ വികാരിയ്ക്ക് ഒരുവർഷം കൂടി ശിക്ഷ കൂട്ടി

മെൽബൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 39 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ക്രൈസ്തവ പുരോഹിതൻ്റെ ശിക്ഷ 12 മാസം കൂടി കൂട്ടി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങൾ പുറത്തുവരികയും കോടതി ശിക്ഷിക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയൻ പൗരനായ ജെറാൾഡ് റിഡ്‌സ്‌ഡേൽ (89) എന്ന വൈദികനെ വൈദിക പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചേയ്ത കേസിൽ 1994 മുതൽ ജെറാൾഡ് ജയിലിലാണ്. വിവിധ കേസുകളിലായി 39 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.പരാതിയുമായി കൂടുതൽ ഇരകൾ എത്തിയതോടെ എട്ടുതവണയാണ് ശിക്ഷാ കാലയളവിൽ മാറ്റം വരുത്തിയത്. 1961നും 1988നും ഇടയ്ക്കുള്ള 29 വർഷം നീണ്ട വൈദിക ജീവിതത്തിൽ വിക്ടോറിയയിലെ 16 ഇടവകളിലാണ് ജെറാൾഡ് പുരോഹിതനായി ജോലി ചെയ്തിരുന്നത്. ഈ കാലയളവിലാണ് കുട്ടികളെ പള്ളികളും സ്കൂളുകളും കേന്ദ്രീകരിച്ച്‌ പീഡനത്തിനിരയാക്കിയത്.

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ കുറ്റസമ്മതം നടത്തിയ ജെറാൾഡിനെ ബല്ലറാറ്റ് മജിസ്‌ട്രേറ്റ് കോടതി ഒരു വർഷത്തേക്ക് കൂടി ശിക്ഷ കൂട്ടി. 33 വർഷവും ആറുമാസം ശിക്ഷയും അനുഭവിച്ചാൽ മാത്രമാണ് പരോൾ ലഭിക്കുക. നിലവിലെ സാഹചര്യത്തിൽ 2028 ഏപ്രിലിലെ വൈദികന് പരോൾ ലഭിക്കാൻ സാധ്യതയുള്ളൂ.പ്രായാധിക്യം മൂലം ജെറാൾഡ് ബുദ്ധിമുട്ടുകയാണെന്നും ജയിലിൽ കഴിയുന്നതിനിടെ മരണം സംഭവിച്ചേക്കാമെന്നും മജിസ്ട്രേറ്റ് ഹൂജ് റാഡ്ഫോര്‍ഡ് പറഞ്ഞു. ജെറാൾഡിന് നടക്കാൻ കഴിയില്ലെന്നും ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ കഴിഞ്ഞവർഷം കോടതിയെ അറിയിച്ചിരുന്നു.