ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി: പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക്. ജൊഹാനസ്ബർഗിൽ ഓഗസ്റ്റ് 22 മുതൽ 24വരെയാണ് ഉച്ചകോടി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.കൊവിഡ് മഹാമാരിയ്ക്ക് ശേഷം നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന യോഗത്തിനാണ് ഇന്ന് തുടക്കമാകുന്നത്.2020,2021, 2022 വർഷങ്ങളിൽ ഓൺലൈനിലായിരുന്നു ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ചത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികത്തിലാണ് ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിൽ നടക്കുന്നത് എന്നതു ശ്രദ്ധേയമാണ് .”ബ്രിക്സും ദക്ഷിണാഫ്രിക്കയും: പരസ്പര ത്വരിത വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം” എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം.

ബ്രിക്സ് വികസിപ്പിക്കണമെന്ന നിർദേശത്തോട് ഇന്ത്യക്ക് തുറന്ന സമീപനമാണുള്ളതെന്ന് വിദേശകാര്യസെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഇന്ത്യയിൽനിന്ന് ബിസിനസ് പ്രതിനിധി സംഘവും യോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ യോഗത്തിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്തുന്നില്ല. ഓൺലൈനിലൂടെയാകും അദ്ദേഹം 15ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. റഷ്യൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണാഫ്രിക്കയിലെത്തി യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .

ദക്ഷിണാഫ്രിക്കയിൽനിന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തും . ഇവിടെ ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 40 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടകീസുമായി മോദി ചർച്ച നടത്തും. നരേന്ദ്ര മോദിയുടെ മൂന്നാം ദക്ഷിണാഫ്രിക്കൻ സന്ദർശനമാണിത്.