ഓഗസ്റ്റ് 23 ബുധനാഴ്ച ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.04ന് ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങും

ഓഗസ്റ്റ് 23 ബുധനാഴ്ച ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.04ന് ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങും.ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള നിര്‍ണായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന അവസാന 15 മിനിറ്റാണ് ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയം നിര്‍ണയിക്കുന്നത്.ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രോപരിതലത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പ് അവസാനഘട്ടത്തില്‍ ലാന്‍ഡര്‍ സമാന്തരദിശയില്‍ നിന്ന് ലംബദിശയിലേക്ക് മാറുകയും ചലനവേഗത വളരെ കുറയുകയും ചെയ്യും.

’15 മിനിറ്റ് നേരത്തെ ഭീകരത’ എന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അതിനെ വിശേഷിപ്പിച്ചു. ചന്ദ്രയാന്‍-3യുടെ ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തേതുമായ ഘട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നില്‍ക്കുന്ന ചന്ദ്രയാന്‍-3 റഫ് ബ്രേക്കിങ് ഫേസിലൂടെ കടന്നുപോകും. ഈ സമയത്ത് ലാന്‍ഡറിന്റെ തിരശ്ചീന പ്രവേഗം സെക്കന്റില്‍ 1.68 കിലോമീറ്റര്‍ എന്നതില്‍ നിന്ന് ഏകദേശം പൂജ്യത്തിലേക്ക് എത്തും. ഇതാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് സഹായിക്കുന്നത്.

പരമാവധി മണിക്കൂറില്‍ 10.8 കിലോമീറ്റര്‍ വേഗതയില്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ തൊടാന്‍ കഴിയും. എന്നാല്‍, ഏറ്റവും അനുകൂലമായ വേഗത മണിക്കൂറില്‍ 7.2 കിലോമീറ്ററാണ്.തിരശ്ചീനദിശയില്‍ നിന്ന് 90 ഡിഗ്രി ചെരിഞ്ഞാണ് ചന്ദ്രയാന്‍-3 ലംബദിശയിലേക്ക് എത്തുന്നത്. ലാന്‍ഡറിന് 12 ഡിഗ്രി വരെ ചെരിഞ്ഞ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയും.

വേഗം കുറയ്ക്കുന്നതിനും 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് 7.42 എന്ന അവസാന പത്ത് മിനിറ്റിലെ ദൂരത്തേക്ക് എത്തുന്നതിനുമെല്ലാം കൃത്യമായ നിര്‍ദേശം നല്‍കുന്നതിനും ലാന്‍ഡറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.അവസാന കാല്‍മണിക്കൂര്‍ നേരത്തെ ലാൻഡിംഗ് പ്രക്രിയയെ നയിക്കുന്നതും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും ലാന്‍ഡറിനുള്ളിലെ കംപ്യൂട്ടറില്‍ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളായിരിക്കും.വൈകീട്ട് 5.47 മുതലാണ് ലാന്‍ഡറിന്റെ അവസാന ഘട്ട നടപടിക്രമങ്ങള്‍ തുടങ്ങുന്നത്.