തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന 60 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. പട്ടിക വർഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് മുതൽ പ്രായമുള്ള 55,781 പേർക്കാണ് പണം ലഭ്യമാകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി 5,57,81,000 രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകിയും കുറഞ്ഞ വിലയ്ക്ക് പലചരക്കും പച്ചക്കറികളും ലഭ്യമാക്കാൻ ഓണച്ചന്തകൾ ഒരുക്കിയും എല്ലാ വിഭാഗം ആളുകൾക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോട്ടയം ജില്ലയിലെ 60 കഴിഞ്ഞ പട്ടിക വർഗ വിഭാഗത്തിൽ ഉള്ളവർക്ക് തുക ലഭിക്കണമെങ്കിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കണം.